കൊച്ചി: ആ വങ്കത്തരം പറഞ്ഞത് സിപിഎം എംഎൽഎ ആയിരുന്ന എം.സ്വരാജ്, പഴി കേട്ടതും അപമാനിതനായതും ട്രോളുകൾ ഏറ്റു വാങ്ങേണ്ടി വന്നതും അന്നത്തെ ബിജെപി വക്താവായിരുന്ന സന്ദീപ് വാര്യർ. മനോരമ ന്യൂസ് ചാനലിൽ അയ്യപ്പദാസ് ആങ്കർ ആയിരുന്ന് നയിച്ച ചർച്ചയിലാണ് ട്രോളുകൾക്ക് കാരണമായ ചെറുതായൊന്ന് വെടിവയ്ക്കൽ പരാമർശം ഉണ്ടായത്. പക്ഷെ ആ പരാമർശം നടത്തിയത് സന്ദീപ് വാര്യർ അല്ല എന്ന വെളിപ്പെടുത്തലുമായി അയ്യപ്പദാസ് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. ബിജെപിയോട് പിണങ്ങി സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ആ പരാമർശത്തിൻ്റെ പേരിൽ ട്രോളുകളാൽ നിറയുന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തലുമായി അയ്യപ്പദാസും സഹപാനലിസ്റ്റുകളും രംഗത്ത് വന്നത്. ജോസഫ് വാഴയ്ക്കനായിരുന്നു അന്ന് ആ ചർച്ചയിലെ കോൺഗ്രസ് പ്രതിനിധി.അയ്യപ്പദാസിൻ്റെ വെളിപ്പെടുത്തൽ ജോസഫും ശരിവച്ചിട്ടുണ്ട്. ആ പരാമർശത്തിൻ്റെ പേരിൽ കോൺഗ്രസ് സന്ദീപിനെതിരെ കടുത്ത വിമർശനങ്ങൾ നടത്താതിരുന്നതും സത്യം മറ്റൊന്നായിരുന്നു എന്നതുകൊണ്ടാണെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. സിപിഎമ്മിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്ന സന്ദീപ് വാര്യർ അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസിലേക്ക് നീങ്ങുകയായിരുന്നു. ബിജെപിയ്ക്കായി പതിവായി പ്രതിരോധം തീർത്ത് ചാനൽ ചർച്ചകളിൽ സജീവമായിരുന്നു സന്ദീപ് വാരിയർ. സന്ദീപ് വാരിയർ പലപ്പോഴായി കോൺഗ്രസിനും രാഹുൽഗാന്ധിക്കുമെതിരായി പറഞ്ഞ കാര്യങ്ങളാണ് ട്രോളുകളിൽ നിറയുന്നത്. ഇതിലൊന്നായാണ് ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ചു കൊന്ന് എന്ന് സന്ദീപ് വാരിയർ പറഞ്ഞു എന്ന പ്രചാരണം. അതെയാളാണ് ഇപ്പോൾ കോൺഗ്രസിൽ എത്തിയിരിക്കുന്നത് എന്ന മട്ടിൽ തലങ്ങും വിലങ്ങും ട്രോളുകളും വിമർശനങ്ങളും നിറയുകയാണ് സോഷ്യൽമീഡിയയിൽ.
എന്താണ് ആ പ്രചരിക്കുന്നതിലെ സത്യമെന്ന് സന്ദീപ് വാരിയർ തന്നെ വ്യക്തമാക്കി രംഗത്ത് വന്നിരിരുന്നു. മനോരമന്യൂസ് കൗണ്ടർ പോയൻ്റിൽ ചർച്ചയ്ക്കിടെയാണ് ഇത്തരത്തിലൊരു പരാമർശം ഉയർന്നുവന്നത്. അത് പറഞ്ഞത് സിപിഎം നേതാവും എംഎൽഎയുമായ എം.സ്വരാജാണ്. സ്വരാജിന് മറുപടി പറയുന്നതിനിടെ ആമുഖമായി സ്വരാജിൻ്റെ തന്നെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് സന്ദീപ് വാരിയർ ചർച്ചയിൽ മറുപടി പറഞ്ഞതാണ് സംഭവം. എന്നാൽ സന്ദീപ് പറഞ്ഞ ഭാഗം മാത്രം എഡിറ്റ് ചെയ്‌ത് ആരോ പ്രചരിപ്പിക്കുകയായിരുന്നു.ഇതാണ് പിന്നീട് വിമർശനങ്ങളും ട്രോളുകൾ നിറയുന്നതിനും കാരണമായത്.
സന്ദീപ് വാരിയർ ഒടുവിൽ കോൺഗ്രസിനൊപ്പമെത്തിയിരിക്കുകയാണ്. എ.കെ.ബാലനടക്കം സി.പി.എം. നേതാക്കളും സ്വാഗതം ചെയ്തെങ്കിലും അതെല്ലാം അവഗണിച്ചാണ് സന്ദീപ് കോൺഗ്രസിലെത്തുന്നത്. കെ.സി.വേണുഗോപാലുമായുള്ള ചർച്ചയിലാണ് കോൺഗ്രസ് പ്രവേശനം തീരുമാനമായത്. വെറുപ്പിന്റെ ഫാക്ടടറി വിട്ട് സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുത്തെന്ന് സന്ദീപ് പറഞ്ഞു. ബിജെപിക്ക് വേണ്ടി ശക്‌തമായി വാദിച്ച നാവുകൊണ്ട് വെറുപ്പിൻ്റെ ഫാക്‌ടറിയെന്ന് വിളിച്ചാണ് സന്ദീപ് കോൺഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. ബിജെപിക്ക് ഒപ്പം നിന്നതിൽ ജാള്യത തോന്നുന്നു എന്നും ബിജെപി വിടാൻ കാരണം കെ.സുരേന്ദ്രനും സംഘവുമാണെന്നും കൂടി സന്ദീപ് പറയുന്നു.
It was Swaraj who said it, Sandeep took the trolls, Ayyappadas told the truth.